
ന്യൂഡൽഹി: യുവതിയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താൽ മാത്രം സ്ത്രീധനപീഡന ആരോപണം അവിശ്വസിക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്നാൽ, ആരോപണത്തിന്റെ വിശ്വാസ്യത വിലയിരുത്തുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രസക്തമായ സാഹചര്യമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്ത്രീധനമരണക്കേസിൽ ഭർത്താവിനെയും ബന്ധുക്കളെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ പരാതിക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ മനോജ് മിശ്രയും വിജയ് ബിഷ്ണോയിയും അടങ്ങിയ ബെഞ്ച്. മരണത്തിന് തൊട്ടുമുമ്പുള്ള കാലയളവിൽ യുവതി സ്ത്രീധനാവശ്യവുമായി ബന്ധപ്പെട്ട പീഡനത്തിന് വിധേയയായിരുന്നുവെന്ന് വിശ്വസനീയമായ തെളിവുകളിലൂടെ സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ കോടതി കുറ്റവിമുക്തി ശരിവെച്ചു.
സ്ത്രീധനം നൽകാനുള്ള ശേഷിയില്ലായ്മ മാത്രം പീഡനാരോപണം നിരസിക്കാൻ മതിയായ കാരണമല്ലെന്ന് കോടതി വിശദീകരിച്ചു. അതേസമയം, സാമ്പത്തിക ശേഷിയില്ലെന്ന് അറിഞ്ഞിട്ടും പ്രതികൾ വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിന്റെ വിശ്വാസ്യത പരിശോധിക്കുമ്പോൾ ആ സാഹചര്യം കൂടി കണക്കിലെടുക്കാം. മറ്റു തെളിവുകൾക്കൊപ്പം വിലയിരുത്തേണ്ട ഘടകമാണിതെന്നും കോടതി വ്യക്തമാക്കി.
കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്ന മരിച്ച യുവതിയുടെ സഹോദരന് പ്രതിമാസം 2,300 രൂപയായിരുന്നു ശമ്പളം. വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന ആരോപണം പരിശോധിക്കുന്നതിനിടെ വിചാരണക്കോടതി ഈ സാഹചര്യവും പരിഗണിച്ചിരുന്നു. സ്ത്രീധനാവശ്യത്തെക്കുറിച്ചുള്ള പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തൽ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304ബി, 498എ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളിൽ പ്രതികളെ വിട്ടയച്ചതിനെതിരെയായിരുന്നു അപ്പീൽ. തെളിവുകൾ വിലയിരുത്തിയതിൽ വിചാരണക്കോടതിക്ക് ഗുരുതരമായ പിഴവോ യുക്തിവിരുദ്ധമായ സമീപനമോ ഉണ്ടായതായി സുപ്രീംകോടതി കണ്ടെത്തിയില്ല.
തെളിവുനിയമത്തിലെ 113ബി വകുപ്പ് പ്രകാരം സ്ത്രീധനമരണത്തെക്കുറിച്ചുള്ള നിയമാനുമാനം പ്രയോഗിക്കാൻ ആവശ്യമായ അടിസ്ഥാന വസ്തുതകൾ പ്രോസിക്യൂഷൻ ആദ്യം സ്ഥാപിക്കേണ്ടതുണ്ട്. ഈ കേസിൽ അവ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കുറ്റവിമുക്തി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചു.
Photo Courtesy - Google










